ഒരു പുലര്‍ക്കാല സ്വപ്നം

ഒരു പാലക്കാടൻ ഉൾഗ്രാമം. പച്ചപരവതാനി വിരിച്ചു നിൽക്കുന്ന പാടങ്ങൾ‍. അതിന് നടുവിലൂടെ വീതി കുറഞ്ഞ വരമ്പുകൾ. അതിലൂടെ വിശാലും പ്രിയയും കൈകോർത്തു പിടിച്ചു നടന്നു നീങ്ങി. പെട്ടെന്ന് ചെറിയ ചാറ്റല്‍മഴ വന്നു. അത് വകവെക്കാതെ അവർ ക്ഷേത്രദർശ്ശനം കഴിഞ്ഞു വരികയായിരുന്നു. അവർ ആമ്പല്‍ കുളത്തിന് അരികിലൂടെ തോളുരുമ്മി നടന്നു. ആകസ്മികമായ അവളുടെ കരസ്പർശം വിശാലിന്റെ മനസ്സില്‍ കുളിരായി നിറഞ്ഞു നിന്നു. അവളുടെ ഓരോ സ്പര്‍ശനവും അവന്റെ മനസ്സില്‍ പ്രണയത്തിന്റെ മഞ്ഞുതുള്ളിയായി നിറയുകയായിരുന്നു. അവളുടെ സ്നേഹപൂര്‍വമുള്ള ഓരോ നോട്ടവും അവന്റെ മനസ്സില്‍ ആഴത്തില്‍ പതിഞ്ഞുപോയി. മായാത്ത വസന്തം പോലെ, മറയാത്ത നിഴല്‍ പോലെ വാടാത്ത പൂക്കള്‍ പോലെ അവളുടെ ആ ചിരിക്കുന്ന മുഖവുമായി എന്നും… എപ്പോളും അവന്റെ മനസ്സില്‍ നിറഞ്ഞുനിന്നു. അറിയാതെ അവൻ ഓര്‍ത്തുപോയി, “തുളസിക്കതിരിന്റെ പരിശുദ്ധിയും തുമ്പപൂവിന്റെ നൈര്‍മല്യമായിരുന്നു എന്റെ പ്രിയക്ക്…” അപ്പോളാണ് ക്ഷണിക്കാതെ വന്ന അപരിചിതനെപോലെ ആ മഴതുള്ളികൾ വന്നത്. അവർ കൈകോര്‍ത്തുപിടിച്ചുകൊണ്ടു ഓടി,  ഓട്ടത്തിനും ഇടയിലും കൈ പിരിയാതെ കൂട്ടി പിടിച്ചിരുന്നു. മഴതുള്ളികളെ കൊണ്ടു ആ ബന്ധം കൂട്ടി ഉറപ്പിച്ചത് പോലെ, അവർ ഓടി… ആള്‍താമസമില്ലാത്ത ഏതോ ഒരു വീടിന്‍റെ ഉമ്മറത്ത്‌ കയറി നിന്നു. വിശാലിന്റെ തലമുഴുവന്‍ നഞ്ഞിരുന്നു. അവള്‍ സാരിയുടെ മുന്താണികൊണ്ട് അവന്റെ തല തുടച്ചു കൊടുത്തു. അത് അവനിലെ പ്രണയത്തെ ഉണര്‍ത്തി… ഒരു നിമിഷം അവർ പരസ്പരം നോക്കിനിന്നു. പെട്ടന്ന് അവള്‍ പറഞ്ഞു “എനിക്ക് പോകണം.” എന്നും പറഞ്ഞു അവള്‍ അകന്നുപോയി, പെട്ടെന്ന് അവള്‍ തിരിഞ്ഞു ഓടിവന്നു അവന്റെ കവിളില്‍ ഒന്നു നുള്ളി. അവളുടെ നഖം അവന്റെ കവിളില്‍ ഒന്നമർന്നു. വിശാൽ പറഞ്ഞു; “എനിക്ക് വേദനിച്ചൂട്ടോ” അപ്പോള്‍ അവള്‍ അവന്റെ കവിളില്‍ ഒരു ചുംബനം കൊടുത്തു. ആ ഒരു നിമിഷം അവൻ ഒന്നു തരിച്ചു നിന്നുപോയി. എന്നിട്ട് അവളോട്‌ ചോദിച്ചു, “ഇനി എന്ന് നമ്മൾ കാണും? ” അവള്‍ പറഞ്ഞു; ഈ മുഖം എന്നും എന്റെ ഈ ഹൃദയത്തിനകത്തുണ്ട്. ഒന്നു ഓര്‍ത്താല്‍ മതി എപ്പോള്‍ വേണമെങ്കിലും കാണാന്‍ കഴിയും,  അവൻ അവളോട്‌ പറഞ്ഞു നിനക്കെന്നെ അടുത്തറിയണമെങ്കിൽ നിന്റെ വലതു കൈ കൊണ്ട് ഹൃദയത്തില്‍ സ്പര്‍ശിച്ചാല്‍മതി… ആ നിമിഷം ഞാൻ നിന്റെ അടുത്തെത്തും… അത് പറഞ്ഞു അവർ പിരിഞ്ഞു. പിരിഞ്ഞപ്പോള്‍ – വിശാലിന്റെ മനസ്സ് മന്ത്രിച്ചു. “എന്തോ മനസ്സില്‍ ഒരു നൊമ്പരം… വേറൊന്നുമല്ല എന്നും അവളെന്റെ സ്വന്തം ആയിരുന്നെങ്കില്‍… ഒത്തിരി സ്നേഹിച്ചുപോയി. വീണ്ടും വീണ്ടും കാണാന്‍ ഒരുമോഹം…”

വിശാലിന്റെ മനസ്സിൽ ‍പ്രിയയുടെ ഓര്‍മകളും ആയാണ് അന്ന് അവൻ ഉറങ്ങാന്‍ കിടന്നത്. അവളുടെ ചിരി അവനെ വല്ലാതെ ആകര്‍ഷിച്ചു, അത് അവന്റെ ഇരു ചെവികളിലും കേള്‍ക്കാന്‍ കഴിയുന്നു, ഇപ്പോള്‍ അവള്‍ അവന്റെ അടുത്ത് ഉണ്ടായിരുന്നെങ്കിൽ എന്ന് ‍അവൻ വെറുതെ ആഗ്രഹിച്ചുപോയി… “എന്താ എനിക്ക് പറ്റിയത്…?” അവൻ ഒത്തിരി ചിന്തിച്ചു നോക്കി. അറിയില്ല……

അങ്ങിനെ വിശാൽ പതിയെ ഉറക്കത്തിലേക്കു വഴുതിപ്പോയി. അതാ അവള്‍ അവനെ മാടിവിളിക്കുന്നു… എല്ലാം വ്യക്തമായി കാണാം. അവളുടെ ആ കള്ള ചിരിയോടു കൂടിയ ആ മുഖം… അവൾ അരികിലേക്ക് വന്നു. അവൻ അവളെ പ്രണയപൂര്‍വ്വം ആ കണ്ണിലേക്കു നോക്കി. ആ കണ്ണില്‍ പ്രണയത്തിന്റെ തീഷ്ണഭാവം കാണാൻ കഴിഞ്ഞു. അവളെ അവനിലേക്കടിപ്പിച്ചു. പക്ഷെ… അവള്‍ കൈതണ്ടയില്‍ കടിച്ചു. അവൻ അവളോട് ‌പറഞ്ഞു എനിക്ക് വേദനിച്ചു എന്ന്, വേദന വരുമ്പോള്‍ എപ്പോളും എന്നെ ഓര്‍ക്കാന്‍ വേണ്ടിയാണ് എന്നും പറഞ്ഞു… അവള്‍ ഇരുട്ടിലേക്ക് ഓടിമറഞ്ഞു. മഞ്ഞുതുള്ളിയുടെ പരിശുദ്ധിയാണ് പ്രിയക്ക്… പിന്നീട് അവന് അവളെ കാണാന്‍ കഴിഞ്ഞില്ല. ഒത്തിരി വേദനിക്കുന്ന ഹൃദയത്തോടെ വിശാൽ ഇപ്പോളും അവളെ ഓര്‍ക്കുന്നു… അവൾക്കു വേണ്ടി മാത്രം ജീവിക്കുന്നു… എന്നാണ് അവള്‍ അവന്റെ സ്നേഹം തിരിച്ചറിയുന്നത്‌…? അറിയില്ല! അങ്ങിനെ വിശാൽ പെട്ടെന്ന് ഉറക്കത്തില്‍നിന്നും ഉണര്‍ന്നു കിടക്കയില്‍ അവന്റെ കണ്ണുനീര്‍ വീണ് നനഞ്ഞ പാടുകളുണ്ടായിരുന്നു…

തൊട്ടു തലോടുന്ന സ്നേഹത്തിന്റെ  മുത്തുകള്‍
ആത്മവിലെന്നും സൂക്ഷിച്ചുകൊണ്ട്‌ . . .